Monday, 15 October 2012

സര്‍ട്ടിഫിക്കറ്റ് പരിശോധന


സര്‍ട്ടിഫിക്കറ്റ് പരിശോധന
Posted on: 16 Oct 2012


വണ്ടൂര്‍: വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള അരീക്കോട്, എടക്കര, വണ്ടൂര്‍, പട്ടിക്കാട് എന്നീ കേന്ദ്രങ്ങളില്‍ കെടെറ്റ് പരീക്ഷ എഴുതി വിജയിച്ച എല്ലാ കാറ്റഗറിയിലുംപെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന 18,19 തിയതികളില്‍ വണ്ടൂര്‍ വിദ്യാദ്യാഭ്യാസ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ടു പകര്‍പ്പുകളും , ഹാള്‍ടിക്കറ്റ്, മാര്‍ക് ലിസ്റ്റ്, മാര്‍ക്കിളവിന് അര്‍ഹതയുള്ളവര്‍ ആയത് തെളിയിക്കുന്ന അസ്സല്‍ രേഖയും രണ്ട് പകര്‍പ്പുകളും കൊണ്ടുവരേണ്ടതാണെന്ന് ഡി.ഇ.ഒ അറിയിച്ചു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്ലാസ് ഇന്ന്


ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്ലാസ് ഇന്ന്
Posted on: 16 Oct 2012


കാളികാവ്: വണ്ടൂര്‍ ഉപജില്ലാ കലാമേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കുള്ള ക്ലാസ് ചൊവ്വാഴ്ച രണ്ടുമണിക്ക് പാറല്‍മമ്പാട്ടുമൂല ഹൈസ്‌കൂളില്‍ നടക്കും. 19ന് രജിസ്‌ട്രേഷന്‍ സമാപിക്കും.

Saturday, 13 October 2012

മെഗാ പ്രശേ്‌നാത്തരി




മെഗാ പ്രശേ്‌നാത്തരി
Posted on: 14 Oct 2012


വണ്ടൂര്‍: കെ.എസ്.പി.ടി.യു ഉപജില്ലാതല മെഗാ പ്രശേ്‌നാത്തരി നടന്നു. സമ്മാനദാനം പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേഷ് നിര്‍വഹിച്ചു. എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ടി. അനില്‍, എ. രഘു, ശ്രീദേവി, സിറില്‍, വി. മുജീബ് റഹ്മാന്‍, സി. മെഹബൂബ്, എം. മുരളീധരന്‍, കെ. ദാമോദരന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

Wednesday, 10 October 2012


സംസ്ഥാന സ്‌കൂള്‍ കലോത്സവം മലപ്പുറത്താക്കണം- കെ.പി.എസ്.ടി.യു
Posted on: 11 Oct 2012


മലപ്പുറം: ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ സംസ്ഥാന സ്‌കൂള്‍ കലോത്സവം സുമഗമായി നടത്താന്‍ മലപ്പുറവും പരിസരപ്രദേശങ്ങളും വേദികളാക്കണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.പി.എസ്.ടി.യു) റവന്യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ തന്നെ മേള നടത്തണമെന്നുള്ള പിടിവാശി ബാലിശമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാനസെക്രട്ടറി ജോര്‍ജ് കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. റവന്യു ജില്ലാപ്രസിഡന്റ് എസ്.ഡി. പ്രമോദ് അധ്യക്ഷതവഹിച്ചു. വി.ജെ. വര്‍ഗീസ്, വി.കെ. അജിത്കുമാര്‍, കെ. സുരേഷ്, സി. മെഹബൂബ് എന്നിവര്‍ പ്രസംഗിച്ചു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയില്ല; ഉപജില്ലാമേളകള്‍ നീളുന്നു
Posted on: 11 Oct 2012


മഞ്ചേരി: സ്‌കൂള്‍ മേളകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വൈകുന്നതുമൂലം ഉപജില്ലാ മേളകള്‍ അനിശ്ചിതമായി നീളുന്നു. സ്‌കൂള്‍തലത്തില്‍ മേളകള്‍ നടത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ ഉപജില്ലാതല കലാകായിക ശാസ്ത്രമേളയിലേക്ക് അര്‍ഹതനേടിയ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പതിവ്. ശാസ്ത്രമേള, സാമൂഹികശാസ്ത്രമേള, ഗണിതമേള, പ്രവൃത്തിപരിചയമേള, ഐ.ടി മേള എന്നിവ 'ശാസ്‌ത്രോത്സവം' എന്ന പേരിലാണ് നടത്താറുള്ളത്. ലോവര്‍പ്രൈമറി തലംമുതല്‍ ഹയര്‍സെക്കന്‍ഡറി വരെ മേല്‍വിഭാഗങ്ങളിലായി തത്സമയ മത്സരവും പ്രദര്‍ശനവുമായി 300ഓളം മത്സരങ്ങളാണ് നടത്തേണ്ടിവരിക. സ്‌കൂള്‍ കലോത്സവങ്ങളുടെ രജിസ്‌ട്രേഷന്‍ വെറെയും നടത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകണമെങ്കില്‍ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ചയെങ്കിലും സമയം വേണം.

എന്നാല്‍, ഇതുവരെയായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടില്ല. ചില മേളകളുടെ വിഷയങ്ങങ്ങള്‍ വരെ തീരുമാനിച്ചിട്ടില്ല. ഡിസംബറില്‍ ആദ്യവാരം രണ്ടാം ടേം പരീക്ഷ ആരംഭിക്കുകയാണ്. നവംബര്‍ 30 ഓടെ ജില്ലാതല മേളകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനനുസൃതമായി ഉപജില്ലാമേളകള്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാത്തതിനാല്‍ മേളകള്‍ അനിശ്ചിതമായി നീട്ടി വെക്കുകയാണ് വിദ്യാഭ്യാസ അധികൃതര്‍. ഇതുകാരണം വ്യത്യസ്ത മേളകള്‍ ഒന്നിച്ചോ അടുത്തടുത്ത ദിവസങ്ങളിലോ നടത്തേണ്ടിവരുന്ന സ്ഥിതിയാണ്.

Tuesday, 2 October 2012

TDS ഉം ഇന്‍കംടാക്സും - സ്ഥാപനമേലധികാരികള്‍ അറിഞ്ഞിരിക്കേണ്ടത്

>> Tuesday, September 25, 2012

Ignorance of law is no excuse എന്ന തത്വം ഏവരും കേട്ടിട്ടുണ്ടാകുമല്ലോ. നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒരിക്കലും ശിക്ഷ ഒഴിവാക്കാന്‍ കാരണമാകുന്നില്ലെന്ന് ഇക്കാര്യം മലയാളത്തിലും നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്തായാലും ഓരോ സ്ഥാപനമേലധികാരിയും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ (Drawing and Disbursing Officer - DDO) ശമ്പളം നല്കാവൂ എന്നാണ് നിയമം. ശമ്പളത്തില്‍ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും (പി.എഫ്, മുതലായവ) പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS) എന്ന് പറയുന്നു. DDOമാര്‍ TDSമായി ബന്ധപ്പെട്ട വിവരങ്ങള്‍ 4 കാലഘട്ടങ്ങളിലായി പ്രത്യേക ഏജന്‍സികള്‍ മുഖേന Online ആയി സമര്‍പ്പിക്കുകയും (Quarterly Returns) വേണം. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാലയങ്ങളും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമാണ് ഇങ്ങനെ TDS പിടിക്കുന്നത് (അപ്പങ്ങളെല്ലാം ഒന്നിച്ചു ചുട്ടു എന്ന് പറയുംപോലെ). ചിലരാകട്ടെ ഒരു പടികൂടി കടന്ന് മാസം തോറും TDS പിടിക്കാറുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ 4 ഘട്ടങ്ങളിലായി (4 Quarters) ഇന്‍കം ടാക്‌സ് വകുപ്പിന് നല്‍കാറില്ല. ഏറെ ഗൌരവകരമായ ഈ വിഷയത്തെക്കുറിച്ച് രസകരമായ ഒരു കഥയുടെ അകമ്പടിയോടെ  ബാബു വടക്കുഞ്ചേരി, രാമചന്ദ്രന്‍ എന്നീ അധ്യാപകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ടി.ഡി.എസിനെക്കുറിച്ചുള്ള സമ്പൂര്‍ണലേഖനമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.
മേലധികാരികള്‍ ഇന്‍കംടാക്‌സ് നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നുവോ.... ?

അപ്പങ്ങള്‍ ഒന്നിച്ചു ചുട്ടാല്‍ പുലിവാലാകുമോ .... ?

 'സംഗതി ഇതുകൊണ്ടോന്നും അടങ്ങണ കേസല്ല ടീച്ചറേ ......'

ലോനപ്പന്‍ നായര് ഇന്ന് നല്ല മൂഡിലാ, HMന് എന്തെങ്കിലും പണി കിട്ടുന്ന കേസുകെട്ടുണ്ടെങ്കില്‍ മാഷ് അങ്ങനെയാ, ആള് അന്ന് നേരത്തേ എത്തും, നല്ല ഉഷാറിലും ആയിരിക്കും.

 'ഒന്ന് തെളിച്ച് പറ എന്റെ നായരേ. എന്തെങ്കിലും ഗൗരവോള്ള കുന്താണെങ്കീ വാലും, തുമ്പും ഇല്ലാണ്ടേ ഇയ്യാള് പറയൂ'. ദാക്ഷായണി ടീച്ചര്‍ പരിഭവം പറഞ്ഞു.

 'ഇന്‍കം ടാക്‌സിന്റെ കണക്കിനീം കൊടുക്കണത്രേ... മൂന്നു മാസം കൂടുമ്പോഴൊക്കെ വഴിപാട് നടത്തണന്നാ പറേണ കേട്ടേ ... ഇല്ലെങ്കില് HMന്റെ തറവാട് വിറ്റാലും ഫൈന്‍ അടച്ച് തീരില്ല്യാന്ന് '

ഫൈനിന്റെ കാര്യം പറഞ്ഞാ ടീച്ചറുടെ BP കേറൂന്ന് മാഷ്‌ന് പണ്ടേ അറിയാം. സംഗതി ഏറ്റു. ദാക്ഷായണി ടീച്ചര്‍ കസേര വലിച്ചിട്ട് മാഷ്‌ടെ അടുത്തിരിന്നു.

'എന്റെ മാഷേ-അപ്പ മാര്‍ച്ചില് തലകുത്തി നിന്ന് ഒരു കണക്ക് നമ്മള്‍ കൊടുത്തതല്ലേ. അമ്മായി ചുട്ട അപ്പം പോലെ കിട്ട്ണ നാലു ചക്രം ശമ്പളാ... അതിന് നാഴികക്ക് നാല്പതുവട്ടം കണക്ക് കൊടുക്കണന്ന്ച്ചാ ... അല്ലാ, യൂണിയന്റെ ആള്‍ക്കാരൊക്കെ എവട്യാ കെടക്കണേ..?

'ചക്ക തലയില്‍വീണ ചാക്കോ മാഷെ'പ്പോലെ ദാക്ഷായണി ടീച്ചര്‍ തലയില്‍ കയ്യുംവെച്ച് ഇരിപ്പായി.

കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞാല്‍ നമ്മുടെ വിദ്യാലയങ്ങളിലെ മിക്ക HMമാരും ഈ ഇരിപ്പ് തുടരാന്‍ സാധ്യതയുണ്ട്. അതൊഴിവാക്കാനെങ്കിലും ഒരന്വേഷണമായാലോ ..?

 (പ്രധാനമായും ശമ്പളം വരുമാനം മാത്രമുള്ള ജീവനക്കാര്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളേയും, സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ മേലധികാരികളേയും മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ കുറിപ്പ്)

എന്താണ് TDS ?
തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ (Drawing and Disbursing Officer - DDO) ശമ്പളം നല്കാവൂ എന്നാണ് നിയമം. ശമ്പളത്തില്‍ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും (പി.എഫ്, മുതലായവ) പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS) എന്ന് പറയുന്നു. DDOമാര്‍ TDSമായി ബന്ധപ്പെട്ട വിവരങ്ങള്‍ 4 കാലഘട്ടങ്ങളിലായി പ്രത്യേക ഏജന്‍സികള്‍ മുഖേന Online ആയി സമര്‍പ്പിക്കുകയും (Quarterly Returns) വേണം. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാലയങ്ങളും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമാണ് ഇങ്ങനെ TDS പിടിക്കുന്നത് (അപ്പങ്ങളെല്ലാം ഒന്നിച്ചു ചുട്ടു എന്ന് പറയുംപോലെ). ചിലരാകട്ടെ ഒരു പടികൂടി കടന്ന് മാസം തോറും TDS പിടിക്കാറുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ 4 ഘട്ടങ്ങളിലായി (4 Quarters) ഇന്‍കം ടാക്‌സ് വകുപ്പിന് നല്‍കാറില്ല. “സ്റ്റാഫ് റൂമീന്നങ്ങ്ട് പുറപ്പെട്ടു ... ന്നാ ക്ലാസ്സ് റൂമിലങ്ങ്ട് എത്തീല്യാ” .. എന്നതാണ് ഇക്കൂട്ടരുടെ സ്ഥിതി. ഏതായാലും പിഴ ചുമത്താവുന്ന ലംഘനമാണ് രണ്ടിടത്തുമുള്ളത്. ഒരു DDOചെയ്യേണ്ട നടപടിക്രമങ്ങള്‍ ഇങ്ങനെ ചുരുക്കാം (വിശദമായി ചുവടെ വിവരിക്കുന്നുണ്ട്)
  1.  എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക. 
  2.  സ്ഥാപനത്തിന് ഒരു TAN (Tax Deduction Account Number) ഉണ്ടെന്ന് ഉറപ്പാക്കുക.
  3.  സാമ്പത്തിക വര്‍ഷാംരംഭത്തില്‍ തന്നെ എല്ലാ ജീവനക്കാരോടും പ്രതീക്ഷിക്കുന്ന ശമ്പള-നികുതി സ്റ്റേറ്റ്‌മെന്റ് (Anticipated Income Tax Statement) തയ്യാറാക്കി നല്കുവാന്‍ ആവശ്യപ്പെടുക 
  4. Anticipated Income Tax Statement പ്രകാരം നികുതി ബാധ്യതയുള്ള ഓരോ ജീവനക്കാരന്റേയും നികുതി എല്ലാ മാസവും ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി, ബാക്കി ശമ്പളം മാത്രം നല്‍കുക. 
  5. ശമ്പള ബില്ലിനോടൊപ്പം നല്‍കുന്ന ട്രഷറി ചലാന്‍ യഥാസമയം ട്രഷറിയില്‍ നിന്നും കളക്ട് ചെയ്യുക 
  6. ഓരോ മാസത്തേയും 24G receipt നമ്പര്‍ ട്രഷറിയില്‍ നിന്നും കുറിച്ചെടുക്കുക. 
  7. ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) യഥാസമയത്ത് വര്‍ഷത്തില്‍ 4 പ്രാവശ്യം ഇന്‍കം ടാക്‌സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികളിലുടെ (TIN facilitation centres) Online ആയി സമര്‍പ്പിക്കുക. 
  8. ഫെബ്രുവരി മാസത്തിലെ ശമ്പളത്തില്‍ (മാര്‍ച്ചില്‍ ലഭിക്കുന്ന ശമ്പളം) നിന്നും ഓരോ ജീവനക്കാരനും പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ അടക്കേണ്ടതായ നികുതി മുഴവനായും TDS ആയി പിടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. 

കണ്ണില്‍ ചോക്കുപൊടിയിട്ട് കാത്തിരുന്നില്ലെങ്കില്‍ (അധ്യാപകരാകുമ്പോള്‍ എണ്ണയേക്കാള്‍ ഉത്തമം ചോക്കുപൊടിയാണെന്ന് തോന്നുന്നു) ഇതില്‍ ഏതെങ്കിലും നടപടിക്രമങ്ങള്‍ തെറ്റിപ്പോകാം. അതുകൊണ്ടുതന്നെ, ഏതെങ്കിലും ഉത്തരവാദിത്വപ്പെട്ട അധ്യാപകനെ (അല്ലാത്തവര്‍ ഉണ്ടാകാനിടയില്ല !) ഈ ചുമതലയേല്പിച്ച്, അദ്ദേഹത്തെ മറ്റ് പ്രത്യേക ഡ്യൂട്ടികള്‍ നല്കാതെ പ്രോത്സാഹിപ്പിച്ച് നിര്‍ത്തുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി വിശദാംശങ്ങളിലേക്ക് കടക്കാം.

1. എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക

നികുതിവിധേയമായ വരുമാനം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ജീവനക്കാരോടും PAN CARD നിര്‍ബന്ധമായും സംഘടിപ്പിക്കുവാന്‍ ആവശ്യപ്പെടണം. നാട്ടില്‍ കാണുന്ന മിക്കവാറും പണമിടപാടു സ്ഥാപനങ്ങളും, ഷെയര്‍ ഇടപാടു കേന്ദ്രങ്ങളും ഈ സേവനം നല്കുന്നുണ്ട്. നികുതി ബാധ്യതയുള്ള ഒരു ജീവനക്കാരന് PAN കാര്‍ഡ് ഇല്ലെങ്കില്‍ 20 ശതമാനം TDS ആയി പിടിച്ചതിനുശേഷമേ ശമ്പളം ലഭിക്കൂ എന്ന വകുപ്പറിയുമ്പോള്‍, ഉണര്‍ന്നേക്കാം.

2. സ്ഥാപനത്തിന് ഒരു TAN ഉണ്ടെന്ന് ഉറപ്പാക്കുക.

എല്ലാ DDOമാര്‍ക്കും Tax Deduction Account Number നിര്‍ബന്ധമാണ്. ഇത് ലഭിക്കുന്നതിന് TIN facilitation centreകള്‍ മുഖേന നിശ്ചിത ഫിസ് നല്കി അപേക്ഷിച്ചാല്‍ മതി. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ഹോംപേജില്‍ ഇടതുവശത്ത് മധ്യത്തിലായി കാണുന്ന Searchന് കീഴിലുള്ള ലിങ്കിലും ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ അടുത്തുള്ള TIN facilitation centre ഏതെന്ന് കണ്ടുപിടിക്കാം.
www.tin-nsdl.com

3. ജീവനക്കാരില്‍ നിന്നും Anticipated Income Tax Statement തയ്യാറാക്കി വാങ്ങല്‍

ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ (അതായത് മാര്‍ച്ച് മാസത്തെ ശമ്പളം തയ്യാറാക്കുമ്പോള്‍) തന്നെ എല്ലാ ജീവനക്കാരോടും Anticipated Tax Calculation Statement തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ DDO ആവശ്യപ്പെടണം. ഇതുപ്രകാരം ഒരു ജീവനക്കാരന് നികുതി ബാധ്യത വരികയാണെങ്കില്‍, വരുന്ന ആകെ നികുതിയെ 12 കൊണ്ട് ഹരിച്ച് തുല്യ പ്രതിമാസ ഗഡുക്കളായി നികുതി പിടിക്കണം. സൗകര്യാര്‍ത്ഥം ഈ നികുതിയെ അടുത്ത 50ലേക്കോ 100ലേക്കോ റൗണ്ട് ചെയ്യാവുന്നതാണ്. 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി നിരക്കുകള്‍ താഴെകാണും പ്രകാരമാണ് (സ്ത്രീകള്‍ക്ക് ഈ വര്‍ഷത്തേക്ക് വേറെ നിരക്കില്ല എന്നോര്‍ക്കുക)
ആഗസ്ത് മാസമായിട്ടും ഇത് തയ്യാറാക്കിയിട്ടില്ലെങ്കില്‍, ഉടന്‍തന്നെ ഇത് തയ്യാറാക്കുക. ചുവടെ കാണുന്ന കാര്യങ്ങള്‍ കൂടെ കണക്കിലെടുത്തുവേണം സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കേണ്ടത്.

  1. വാര്‍ഷിക ഇംക്രിമെന്റ് 
  2. ഇപ്പോള്‍ നിലവിലുള്ള ഡി.എ. നിരക്ക് (38%) തന്നെ വരും മാസങ്ങളിലും തുടരുമെന്ന് ഊഹിക്കാം. 
  3. ഡി.എ. നിരക്കില്‍ മാറ്റം വരുമ്പോഴോ, കാര്യമായ തുക അരിയര്‍ ആയി ലഭിക്കുമ്പോഴോ ഈ സേറ്റ്‌മെന്റ് റിവൈസ് ചെയ്യുക. 
  4.  പരിഷ്‌ക്കരിച്ച പുതിയ വരുമാനപ്രകാരം അടക്കേണ്ട നികുതിയില്‍ മാറ്റം കാണാം. കൂടുതലായി നല്‍കേണ്ട നികുതിക്കനുസരിച്ച് ആനുപാതികമായി മാസം തോറും പിടിക്കേണ്ട TDSല്‍ മാറ്റം വരുത്തി തുടര്‍ന്നുള്ള ശമ്പള ബില്ലിലെഴുതാം. 
Anticipated Income Tax Statement പ്രകാരം നികുതി പിടിക്കുക.

SPARK വഴി നികുതി പിടിച്ചു ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ഒരു സ്‌റേറ്റ്‌മെന്റ് (Statement showing deduction towards Income Tax) ലഭിക്കും. ഈ സ്റ്റേറ്റ്‌മെന്റിനൊപ്പം ട്രഷറി ചലാന്‍ കൂടി നമ്മള്‍ വേറെ ചേര്‍ക്കണം. ചലാന്‍ അടക്കേണ്ടത്  8658 - 00 - 112 എന്ന ഹെഡ്ഡ് ഓഫ് അക്കൗണ്ടിലാണ്.

5. ശമ്പള ബില്ലിനോടൊപ്പം നല്‍കുന്ന ട്രഷറി ചലാന്‍ യഥാസമയം ട്രഷറിയില്‍ നിന്നും കളക്ട് ചെയ്യുക

ട്രഷറിയില്‍ നിന്നും പലപ്പോഴും ചലാന്‍ ലഭിക്കാന്‍ ബുദ്ധമുട്ടാണ്. അതുകൊണ്ട് ശമ്പളം വാങ്ങാന്‍ ട്രഷറിയില്‍ പോകുന്ന ഉദ്യോഗസ്ഥന്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഈ നമ്പര്‍ എളുപ്പം ലഭിക്കും. ട്രഷറിയില്‍ നിന്നും ലഭിക്കുന്ന POC നോക്കുക. അതില്‍ Key നമ്പര്‍ എന്ന് ടൈപ്പ് ചെയ്തിരിക്കുന്നതിന് നേരെയുള്ള നമ്പറും, തീയതിയും കുറിച്ചെടുക്കുക. ഇതായിരിക്കും ചലാന്‍ നമ്പറും തീയ്യതിയും.

6. ഓരോ മാസത്തേയും 24G receipt നമ്പര്‍ ട്രഷറിയില്‍ നിന്നും കുറിച്ചെടുക്കുക.

ട്രഷറി അധികൃതര്‍ എല്ലാ മാസവും അവരുടെ നികുതി സംബന്ധമായ കണക്കുകള്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന 7 അക്ക നമ്പറാണിത്. ഇത് ഓരോ മാസത്തിനും ഓരോ നമ്പര്‍ ആയിരിക്കും. ട്രഷറിയില്‍ നിന്നും ഈ നമ്പര്‍ കിട്ടാന്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. ട്രഷറിയെ ആശ്രയിക്കാതെ തന്നെ ഇത് ഓണ്‍ലൈന്‍ ആയും ലഭ്യമാകും.

7. ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) നല്‍കല്‍

മുകളില്‍ പറഞ്ഞ 6 കാര്യങ്ങള്‍ ചെയ്താലും പ്രക്രിയ പൂര്‍ണ്ണമാകുന്നില്ല.  DDO, താന്‍ അതുവരെ പിടിച്ചതും അടച്ചതുമായ നികുതി കണക്കുകള്‍ 3 മാസങ്ങള്‍ ഇടവിട്ട് (വര്‍ഷത്തില്‍ 4 തവണകളായി) TDS Quarterly Return സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ഇന്‍കം ടാക്‌സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികള്‍ വഴി (TIN Facilitation Centres) ഓണ്‍ലൈന്‍ ആയാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. Q1, Q2, Q3, Q4 എന്നീ ഓമനപ്പേരുകളില്‍ ഇത് അറിയപ്പെടുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് നികുതി ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കപ്പെട്ട ജീവനക്കാരന് അവരുടെ PAN accountല്‍ നികുതിയുടെ ക്രെഡിറ്റ് ലഭിക്കൂ. റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ നികുതി നല്കിയ വ്യക്തി നികുതി അടച്ചിട്ടില്ലെന്ന് (പ്രത്യേകിച്ച് ടാക്‌സ് റീഫണ്ട് ഉണ്ടെങ്കില്‍) കണക്കാക്കി ഇന്‍കം ടാക്‌സ് വകുപ്പ് നോട്ടീസ് നല്കും. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം DDOക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. റിട്ടണ്‍ നല്‌കേണ്ട തീയതികള്‍ താഴെ കാണുംവിധമാണ്
വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക


TIN Facilitation Centre കളില്‍ സമര്‍പ്പിക്കേണ്ട റിട്ടേണ്‍ എന്ന് പറഞ്ഞാല്‍ താഴെ പറയുന്ന ഫോമും, സ്റ്റേറ്റുമെന്റുമാണ്.

1. Form 27 A. ഇതിന്റെ എക്‌സല്‍ രൂപത്തിലുള്ള ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
2. സ്റ്റേറ്റ്‌മെന്റ് (ചുവടെ കാണിച്ചിരിക്കുന്നു. മുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഫയലില്‍ രണ്ടാം ഷീറ്റായി നല്‍കിയിട്ടുമുണ്ട്.)

വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക


ക്വാര്‍ട്ടര്‍ 4ലെ സ്റ്റേറ്റ്‌മെന്റിനൊപ്പം, ഫെബ്രുവരി മാസത്തിലെ ബില്ലിനൊപ്പം തയ്യാറാക്കിയ Tax Calculation Statement കൂടി നല്‍കുക ഏതെങ്കിലും ഒരു ക്വാര്‍ട്ടറില്‍ ടാക്‌സൊന്നും പിടിച്ചിട്ടില്ലെങ്കില്‍ ആ ക്വര്‍ട്ടറില്‍ NIL റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതിനായി Form 27 A മാത്രം നല്കിയാല്‍ മതി. നമ്മള്‍ കൊടുക്കുന്ന വിവരം TIN facilitation centreകള്‍ ഒരു പ്രത്യേക ഫോര്‍മാറ്റിലുള്ള ഫയല്‍ ആക്കി മാറ്റി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെര്‍വറിലേക്ക് Upload ചെയ്യും. ഇങ്ങനെ ചെയ്യുമ്പോല്‍ ഒരു Print Out ലഭിക്കും. ഇത് ബില്ലിനൊപ്പം നമുക്ക് നല്‍കും. ഈ Print Out ഭദ്രമായി സൂക്ഷിച്ചുവെക്കണം. കൊടുത്ത കണക്കുകളില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ കറക്ഷന്‍ നടത്തുന്നതിനും മറ്റും ഈ Print Out അനിവാര്യമാണ്.

 8. ഫെബ്രുവരി മാസത്തെ ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഒരു സാമ്പത്തിക വര്‍ഷത്തിലെ അവസാന ബില്‍ തയ്യാറാക്കുമ്പോള്‍ ഓരോ ജീവനക്കാരന്റേയും ഒരു സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ നികുതിയും അതോടെ TDS ആയി പിടിച്ചു എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

TDS ഫയലിങ്ങിന്റെ അഷ്ടശീല തത്വങ്ങള്‍ അറിഞ്ഞ ദാക്ഷായണി ടീച്ചര്‍ പതുക്കെ തലപൊക്കി. പുള്ളിക്കാരി എന്തോ തീരുമാനിച്ചുറച്ഛ ലക്ഷണമുണ്ട്. “ഹെഡ്മാഷരൊമ്പെട്ടാ പി.ടി. മാഷും തടുക്കില്ലെന്നാണല്ലോ പ്രമാണം”.

“TDS ഫയലിങ്ങിന് ഇനി വിട്ടു വീഴ്ചയില്ല. പക്ഷെ ആരെ ഏല്പിക്കണം ..? കണ്ണില്‍ ചോക്കുപൊടിയിട്ട് ഈ പണി കരുതലോടെ ചെയ്യാന്‍ പറ്റിയ ഓരാള് …” ദാക്ഷായണി ടീച്ചര്‍ ഒരു നിമിഷം ചിന്താവിഷ്ടയായി. പിന്നെ ഉച്ചത്തില്‍ ഒരു വിളിയായിരുന്നു.

 “ലോനപ്പന്‍ നായരേ …..” കാക്ക കണ്ടറിയും എന്ന് പറഞ്ഞപോലെ ലോനപ്പന്‍ മാഷ് മുങ്ങാന്‍ തയ്യാറായതായിരുന്നു. പക്ഷേ ടീച്ചറുടെ വിളിയിലെ “ചങ്കൊറപ്പ്” കണ്ട മാഷ് പിന്നൊന്നും ആലോചിച്ചില്ല. “ഏറ്റു ടീച്ചറേ …... ഞാനേറ്റു…..”

ഗുണപാഠം :- ഒരിക്കലും അപ്പങ്ങളെല്ലാം ഒന്നിച്ച് ചുടരുത്.

വാലറ്റം
2012 ജൂലൈ 1 മുതല്‍, ക്വര്‍ട്ടര്‍ലി റിട്ടേണുകള്‍ യഥാസമയം നല്കിയില്ലെങ്കില്‍, വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വീതമോ, അല്ലെങ്കില്‍ ആകെ ആ ക്വാര്‍ട്ടറില്‍ അടക്കേണ്ട നികുതിയോ, ഏതാണ് ചെറുതെങ്കില്‍ അത് TIN-FCല്‍ അടച്ചാല്‍ മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ഈ നിയമം ശക്തമായി നടപ്പിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. എങ്കിലും ഓര്‍മ്മയില്‍ ഉണ്ടാകുന്നത് DDOമാരുടെ പോക്കറ്റിന്റെ കനം കുറയാതിരിക്കാന്‍ നല്ലതാണ്. ഇത് ഒരു ആധികാരിക രേഖയല്ല. അറിയാം എന്ന് കരുതുന്ന ചില കാര്യങ്ങള്‍ പങ്കുവെച്ചുവെന്നേ ഉള്ളൂ.

തയ്യാറാക്കിയത് :
ബാബു വടുക്കുഞ്ചേരി
രാമചന്ദ്രന്‍ വി.

Monday, 1 October 2012

കൊന്നും വെറുത്തും പകപോക്കിയും ആര്‍കും ഒന്നും നേടനകില്ല. രാജ്യത്തിനും മതങ്ങള്‍ക്കും വ്യക്തികള്‍ക്കും പരസ്പ്പരം സ്നേഹിച്ചും ഉള്‍കൊണ്ടും അംഗികരിച്ചും മാത്രമേ നിലനില്‍ക്കാനാവു ഗാന്ധി ഒരു പ്രതീകമാണ് സ്നേഹത്തിന്റെ സത്യത്തിന്‍റെ ശാന്തിയുടെ....................
ഏത്ര പഠിച്ചാലും അധികമാവില്ല ആ ജീവിതം
ഗാന്ധി ജയന്തി ആയ ഇന്നു നമുക്ക് ബാപ്പുജി നമ്മളെ പഠിപ്പിച്ച സ്നേഹ സന്ദേശം മറക്കാതിരിക്കാം.....................
പ്രണാമം രാഷ്ട്രപിതാവേ..................................