Tuesday, 31 July 2012

ടെറ്റ്: അപേക്ഷകര്‍ കൂടി; പരീക്ഷ മൂന്നുദിവസം


ടെറ്റ്: അപേക്ഷകര്‍ കൂടി; പരീക്ഷ മൂന്നുദിവസംതിരുവനന്തപുരം: ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്‍െറ (ടെറ്റ്) അടിസ്ഥാന യോഗ്യതകള്‍ മാറ്റിയപ്പോള്‍ അപേക്ഷകരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. മൂന്ന് വിഭാഗത്തിലും ഒരേ അപേക്ഷകര്‍ ധാരാളമെത്തി. ഇതിനെത്തുടര്‍ന്ന് പരീക്ഷ മൂന്ന് ദിവസമായി നടത്താന്‍ പരീക്ഷാഭവന്‍ തീരുമാനിച്ചു. അപേക്ഷാ സമയം ആഗസ്റ്റ ് രണ്ട് വരെ നീട്ടിയിട്ടുണ്ട്.ആഗസ്റ്റ് 25ന് രാവിലെയും ഉച്ചക്കും വൈകുന്നേരവുമായി എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളുടെ പരീക്ഷ നടത്താനായിരുന്നു നേരത്തേ വിജ്ഞാപനമിറക്കിയിരുന്നത്. ഇത് മാറ്റാനാണ് പുതിയ തീരുമാനം. പകരം ആഗസ്റ്റ് 25ന് എല്‍.പി വിഭാഗം പരീക്ഷ നടക്കും. യു.പി വിഭാഗം ടെറ്റ് ആഗസ്റ്റ് 27നാകും നടക്കുക. സെപ്റ്റംബര്‍ ഒന്നിന് ഹൈസ്കൂള്‍ വിഭാഗത്തിന്‍െറ പരീക്ഷയും നടക്കും. ഒരേ ഉദ്യോഗാര്‍ഥികള്‍ ഒന്നിലധികം വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുകയും ഇത്തരം അപേക്ഷകരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.നേരത്തേ ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് അപേക്ഷിച്ചവര്‍ പുതിയ യോഗ്യത പ്രകാരം മറ്റ് വിഭാഗത്തിന് അര്‍ഹരാണെങ്കില്‍ വീണ്ടും അപേക്ഷ നല്‍കണം. ഇവര്‍ പുതിയ ചെലാന്‍ അടച്ച് അപേക്ഷിക്കണമെന്ന് പരീക്ഷാ ഭവന്‍ അറിയിച്ചു. ഇങ്ങനെ അപേക്ഷിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാനായാണ് പരീക്ഷ മൂന്ന് ദിവസമാക്കുന്നത്.

No comments:

Post a Comment