Friday, 13 July 2012


ആഗ്രഹിക്കുന്നിടത്ത് പ്ലസ്‌വണ്‍ പ്രവേശനം

Published on  14 Jul 2012
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ ഏകജാലക പ്രവേശനത്തിലുള്ള പോരായ്മകളെക്കുറിച്ച് പഠിച്ച് മാറ്റങ്ങള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടിക്ക് അവര്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ തന്നെ പ്രവേശനം നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം കേസുകളില്‍ സീറ്റ് ഇല്ലെങ്കില്‍ പ്രത്യേകമായി സീറ്റ് അനുവദിച്ച് പ്രവേശനം നല്‍കും.

എല്ലാ സ്‌കൂളുകള്‍ക്കും 20 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചിട്ടുണ്ട്. ഈ സീറ്റുകള്‍ എടുക്കണമെന്ന് വിമുഖത പ്രകടിപ്പിച്ച സ്വകാര്യ സ്‌കൂളുകാരോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടാമ്പിയില്‍ ആഗ്രഹിച്ച സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗ്രീഷ്മ എന്ന കുട്ടി ആത്മഹത്യചെയ്ത സംഭവത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഏകജാലകത്തിലെ പോരായ്മകള്‍ പരിഹരിച്ച് കുറ്റമറ്റ രീതിയാക്കണമെന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നിര്‍ദേശം സ്വീകരിച്ചാണ് മുഖ്യമന്ത്രി പ്രവേശന രീതിയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് പറഞ്ഞത്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിട്ടും ആഗ്രഹിച്ച സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യം ഐഷാ പോറ്റി ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് അധിക സീറ്റ് നല്‍കി അത്തരക്കാര്‍ക്ക് പ്രവേശനം നല്‍കണമെന്ന് നിര്‍ദേശിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കെ.എസ്. സലീഖയാണ് ഗ്രീഷ്മയുടെ മരണം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. സി.ബി.എസ്.ഇ. സ്‌കൂള്‍ നടത്തുന്ന മാനേജ്‌മെന്റുകളോടുള്ള താത്പര്യവും സര്‍ക്കാര്‍ സിലബസില്‍ പഠിച്ചവരോടുള്ള അവഗണനയുമാണ് ഗ്രീഷ്മയുടെ മരണത്തിന് ഇടയാക്കിയതെന്ന് സലീഖ കുറ്റപ്പെടുത്തി. മുന്‍ വര്‍ഷം രണ്ടാം അലോട്ടുമെന്റിന് ശേഷമാണ് സി.ബി.എസ്.ഇ.ക്കാര്‍ക്ക് പ്രവേശനം നല്‍കിയത്. എന്നാല്‍, ഇക്കുറി കേന്ദ്ര സിലബസുകാര്‍ക്ക് ആദ്യമേ അവസരം നല്‍കിയപ്പോള്‍ അര്‍ഹതയുള്ള സംസ്ഥാന സിലബസുകാര്‍ പുറംതള്ളപ്പെടുകയായിരുന്നു-സലീഖ പറഞ്ഞു.

അതേ സ്‌കൂളില്‍ തന്നെ പ്ലസ് വണ്ണിന് പഠിക്കാന്‍ ആഗ്രഹിക്കുന്ന സി.ബി.എസ്.ഇ.ക്കാര്‍ക്കാണ് പത്താംക്ലാസില്‍ സ്‌കൂള്‍ തല പരീക്ഷ എഴുതാന്‍ കേന്ദ്രം അനുവദിച്ചത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അത് അട്ടിമറിച്ച് സ്‌കൂള്‍തല പരീക്ഷയെഴുതിയവരെയും എസ്.എസ്.എല്‍.സി. എഴുതിയവരോടൊപ്പം പരിഗണിച്ചുവെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി.

പാലക്കാട് ജില്ലയില്‍ 2029 സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നും ഗ്രീഷ്മ മൂന്ന് സ്‌കൂളിലേക്ക് മാത്രമേ ഓപ്ഷന്‍ നല്‍കിയിരുന്നുള്ളൂവെന്നും മന്ത്രി പി. കെ. അബ്ദുറബ്ബ് മറുപടി പറഞ്ഞു. അലോട്ടുമെന്റ് ഇനിയും പൂര്‍ത്തിയായിട്ടില്ല. എല്ലാ സ്‌കൂളിലും 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചു. ഇനിയും അലോട്ടുമെന്റ് നല്‍കാന്‍ അവസരമുണ്ട്. സി.ബി.എസ്.ഇ.ക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ഒന്നും ചെയ്തിട്ടില്ല.
മുന്‍വര്‍ഷം കേന്ദ്ര സിലബസ് പരീക്ഷാഫലം വൈകിയാണ് വന്നത്. ഇപ്രാവശ്യം നേരത്തേ വന്നു.

പ്ലസ് വണ്ണിന് സംസ്ഥാന സിലബസിലേക്ക് അപേക്ഷിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. സര്‍ക്കാറിന് അത് നിഷേധിക്കാന്‍ കഴിയില്ല. സി.ബി.എസ്.ഇ.ക്കാര്‍ക്കായി അലോട്ടുമെന്റ് വൈകിച്ചിട്ടില്ല -മന്ത്രി വിശദീകരിച്ചു.

ഉപാധികളോടെ മാത്രമെന്ന് വിശദീകരണം


തിരുവനന്തപുരം: എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ക്ക് പ്ലസ് വണ്ണിന് ആഗ്രഹിക്കുന്ന സ്‌കൂളില്‍ പ്രവേശനം നല്‍കണമെന്ന നിര്‍ദേശം ഉപാധികളോടെ മാത്രമേ നടപ്പാകൂ.

കുട്ടി പത്താം ക്ലാസ് വരെ പഠിച്ച സ്‌കൂളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിട്ടും തുടര്‍ പഠനത്തിന് അവസരം ലഭിച്ചില്ലെങ്കില്‍ മാത്രമേ പ്രത്യേകമായി പ്രവേശനം ലഭിക്കാന്‍ ഇടയുള്ളൂ. നഗരങ്ങളിലെ സ്‌കൂളുകളില്‍ അനുവദിച്ച സീറ്റുകളേക്കാള്‍ ഇരട്ടിയിലധികം കുട്ടികളാണ് അപേക്ഷകരായുള്ളത്. ഇതില്‍ ഏറിയ പങ്കും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുമാണ്. അവര്‍ക്കെല്ലാം ഇനിയും പ്രവേശനം നല്‍കുക അപ്രായോഗികമാണ്.

അതേസ്‌കൂളില്‍ പഠിച്ചവരാണെങ്കില്‍ ബോണസ് പോയന്റോടെ നിലവില്‍ തന്നെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ടാകും. കിട്ടാത്ത വളരെ കുറച്ചുപേരുണ്ടെങ്കില്‍ അവര്‍ക്ക് സീറ്റ് ലഭിക്കും. തിങ്കളാഴ്ചയോടെ ഇതുസംബന്ധിച്ച വ്യക്തത വരുമെന്ന് അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment